Nityanjali

Chikkarampalayam Karamada, Coimbatore - 641104, Tamilnadu, India.

shoukathav@gmail.com

8148204449, 9747612450

ഷൗക്കത്ത്

തൃശൂര്‍ ജില്ലയിലെ പാലുവായ് ഗ്രാമത്തില്‍ ജനനം. മാതാവ് ഫാത്തിമ. പിതാവ് കുഞ്ഞിബാപ്പു. ഏതൊരു മതവിശ്വാസിയെയും പോലെ സ്വര്‍ഗ്ഗവും നരകവും പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും അവതാളത്തിലാക്കിയ ബാല്യം. പത്താംക്ലാസ്സ് കഴിഞ്ഞിരിക്കുമ്പോഴാണെന്നാണു് ഓര്‍മ്മ. ജ്യേഷ്ഠന്റെ മേശപ്പുറത്തുനിന്നും സ്വന്തം പായയില്‍ വന്നുവീണ ഇടമുറുകിന്റെ ‘ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല’ എന്ന പുസ്തകം വെറുതെ മറിച്ചുനോക്കി. ആ പുസ്തകം വായിച്ചു തുടങ്ങിയതോടെ വിശ്വാസത്തിന്റെ കടലാസുകൊട്ടാരം തകര്‍ന്നുവീണു. അന്ധമായ വിശ്വാസങ്ങളില്‍നിന്നും യുക്തിഭദ്രമായ വിചാരങ്ങളിലേക്കു് ഉണരേണ്ടതിന്റെ ആവശ്യകത ആ പുസ്തകം പറഞ്ഞുതന്നു. പിന്നീടു് അത്തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കാനുള്ള താല്പര്യം ഉണ്ടായിട്ടുമില്ല. അവിടെ യുക്തിയുടെ പരുപരുപ്പു് മാത്രമെ ഉണ്ടായിരുന്നുള്ളൂ. നനവിന്റെ കനിവുണ്ടായിരുന്നില്ല.

നാട്ടില്‍ പരിചയിക്കാനിടയായ മുതിര്‍ന്ന സുഹൃത്തുക്കളില്‍നിന്നും സ്വതന്ത്രരായ അന്വേഷകരുടെ ജീവിതവും പുസ്തകങ്ങളും അറിയാനും വായിക്കാനുമിടയായി. കണ്ണും കാതും മനസ്സും സ്വര്‍ഗ്ഗത്തില്‍നിന്നും പ്രകൃതിയിലേക്കു തിരിഞ്ഞു. മലക്കുകളും നരകത്തീയും നിറഞ്ഞുനിന്നിടത്തു് മലകളും പുഴകളും പാടവും പൗര്‍ണ്ണമിയും സൂര്യോദയവും സൂര്യാസ്തമയവും ഇടംപിടിച്ചു. കാട്ടിലേക്കും കുന്നിലേക്കും യാത്രകള്‍ പതിവായി. കൂട്ടിനു് നല്ല കൂട്ടുകാരും.

മതാതീത ദര്‍ശനങ്ങളുമായും ദാര്‍ശനികന്മാരുമായുള്ള പാരസ്പര്യം മതവും വിശ്വാസവും അറ്റുവീഴുന്നതിലേക്കു നയിച്ചു. പിന്നീടുള്ള യാത്രകള്‍ എല്ലാ വിഭാഗീയതകളില്‍നിന്നും ഒഴിഞ്ഞു ജീവിക്കുന്ന സൂഫികള്‍, അവധൂതന്മാര് തുടങ്ങിയവരിലൂടെയായി. ആ യാത്രയ്ക്കിടയില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാനായില്ല.എങ്കിലും തൃശ്ശൂര്‍ മലയാള പഠനഗവേഷണ കേന്ദ്രത്തിലെ മലയാളം പഠനം സാഹിത്യലോകത്തെ ഉണര്‍വ്വുകളിലേക്കുള്ള വാതായനമായി. അവിടുത്തെ സൗഹൃദക്കൂട്ടായ്മകള്‍ മൂല്യവത്തായ ജീവിതത്തെ പരിചയിപ്പിച്ചുതന്നു.

പരമ്പരാഗതമായ ശൈലിയില്‍ ജീവിച്ചു പോകാനാവില്ലെന്നായപ്പോള്‍ വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതനായി. ഒരുപാടു ഏറിമാറിത്തിരിയലുകള്‍ക്കൊടുവില്‍ ആ യാത്ര കൊണ്ടെത്തിച്ചതു് ഗുരു നിത്യയുടെ അടുത്തായിരുന്നു. സന്യാസമോ മോക്ഷമോ ഒന്നും ജീവിതലക്ഷ്യമല്ലായിരുന്ന എന്നെ അദ്ദേഹത്തിന്റെ അരികിലെത്തിച്ചതു് സ്നേഹത്തിന്റെ വശ്യതയായിരുന്നു. ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃത്തിനെ കിട്ടിയ അനുഭവം. അറിയാവുന്ന ലോകത്തു് ധന്യതയോടെ ജീവിക്കാനുള്ള വഴികളാണു് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പകര്‍ന്നു തന്നതു്. അറിയാനാവാത്ത ലോകങ്ങളെ അതിന്റെ പാട്ടിനു വിടാന്‍ ആ മൗനമന്ദഹാസം സഹായമായി. അദ്ദേഹത്തോടൊപ്പമുള്ള നാലുവര്‍ഷത്തെ ജീവിതം സ്വന്തം പരിമിതികളും ഗുണങ്ങളും അറിയാനുള്ള വഴികള്‍ തുറന്നുതന്നു.

1999ല്‍, ഗുരുവിന്റെ മരണശേഷം ഗുരുകുലം വിട്ടിറങ്ങി. സുഹൃത്തുക്കളില്‍നിന്നും സുഹൃത്തുക്കളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇടയ്ക്കൊക്കെ ഹിമാലയം പോലുള്ള പ്രകൃതിരമണീയവും മൗനാത്മകവുമായ ഇടങ്ങളിലും ചെന്നെത്താറുണ്ടു്. ഗുരുവില്‍നിന്നു പകര്‍ന്നു കിട്ടിയ ശീലമായി എഴുത്തും പ്രഭാഷണവും കൂടെയുണ്ടു്. ഇപ്പോള്‍ കൂടുതല്‍ സമയവും താമസിക്കുന്നതു് കൊയമ്പത്തൂരിനടുത്തുള്ള കാരമടയിലാണു്. ചെറിയൊരു ലൈബ്രറിയും കുറച്ചു സിനിമകളും സംഗീതവും തുറന്ന ആകാശവും ഒക്കെയുള്ള ഇടം.

© 2024, Shoukath.in
All Rights Reserved. Crafted by YNOT