നാം വിശ്വസിക്കുന്നത് മറ്റൊരാൾ വിശ്വസിക്കാതിരിക്കുന്നതിൽ നാം അസ്വസ്ഥരാകുന്നെങ്കിൽ ആ വിശ്വാസത്തോളം വലിയ ഹിംസയില്ല.
നമുക്ക് എന്തിനോടെങ്കിലും ആകർഷണം തോന്നുന്നത് അതത്രമാത്രം നമ്മിൽനിന്നും അന്യമല്ലാതിരിക്കുന്നതിനാലാണ്. അന്യമാണെന്ന് തോന്നുന്നതുകൊണ്ടാണ് സ്വന്തമാക്കാനുള്ള വെമ്പലുണരുന്നത്.
നമ്മിൽനിന്ന് അകന്നുപോയതോ നാം അകറ്റിയതോ ആയ നമ്മെ നമ്മോടു ചേർത്തു പിടിക്കാൻ സഹായിക്കുന്ന സാന്നിദ്ധ്യമാണ് ഗുരു.
മതം സാമൂഹികമാണ്. ആത്മീയത വ്യക്തിപരവും. മതത്തിന്റെ മഹത്വം എണ്ണത്തിലാണെങ്കിൽ ആത്മീയതയുടെ മഹത്വം ഗുണത്തിലാണ്. ഒന്ന് ശക്തിയെ ബലപ്പെടുത്തുമ്പോൾ മറ്റേത് വിനയത്തിൽ അലിയുന്നു. ഒന്ന് വിഭജിക്കുമ്പോൾ മറ്റേത് കൂട്ടിച്ചേർക്കുന്നു. ഉന്നതമായ ആശയങ്ങൾ പേറുന്ന മതം അക്രമമാകുമ്പോൾ ഉന്നതമായ ആശയങ്ങൾ പേറുന്ന വ്യക്തി സമാധാനമാകുന്നു.
യാത്രയുടെ ലക്ഷ്യം യാത്രയാകണം. ലക്ഷ്യസ്ഥാനമാകരുത്. എങ്കിലേ യാത്ര ആസ്വാദ്യകരമാകൂ. ലക്ഷ്യംപോലെ വഴിയും പ്രധാനമാകുന്നിടത്തേ യാത്രയ്ക്ക് ജീവനുണ്ടാകൂ. ജീവിതത്തിലായാലും ജീവിതത്തിലേക്കുള്ള യാത്രകളിലായാലും.