യതിചരിതം: ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ
Hardcover"....എന്റെ ചുറ്റും ചരിത്രസംഭവങ്ങൾ വലംവച്ചിട്ടില്ല. എന്റെ വാക്കുകൾക്കു് സമകാലീനജനതയുടെ ശ്രദ്ധ പിടിച്ചെടുക്കുവാനുള്ള നൈർമ്മല്യമോ മൂല്യകാന്തിയോ ഒന്നുമില്ല. തപസ്സിന്റെ മാർഗ്ഗത്തിൽ ചരിക്കുവാൻ ശ്രമിച്ചെങ്കിലും ഒരു തുളസീദാസിന്റെയോ കബീർദാസിന്റെയോ സെയ്ന്റ് ഫ്രാൻസിസിന്റെയോ അമലകാന്തി എന്റെ ആത്മാവിൽ ഒളിപൂണ്ടു നില്ക്കുന്നില്ല. അങ്ങനെയുള്ള ഒരു നിസ്സാരൻ എന്തിനു് ആത്മകഥ എഴുതി എന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളു. ഒരുവൻ മറ്റൊരുവനെ ചൂണ്ടിക്കാണിച്ചു് പരിഹാസം ഊറിനിൽക്കുന്ന ചിരിയോ ദൈന്യതയുളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണു് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊണ്ടു്, മനുഷ്യജീവിതം അവനറിയാതെതന്നെ എത്രയോ പ്രാവശ്യം ഇടറി ഇരുളിൽ വീണുപോകും എന്നു് മറ്റുള്ളവർക്കു് ദൃഷ്ടാന്തമാക്കിക്കൊടുക്കുന്നതു്." 'യതിചരിതം' ശൈശവവും ബാല്യവും, കൗമാരവും യൗവനവും, ഗുരുവും ശിഷ്യനും, പരിധിയില്ലാത്ത ലോകം, ഉണ്മയുടെ പൊരുൾ, അനുബന്ധം എന്നിങ്ങനെ ആറു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ ഭാഗം 'ശൈശവവും ബാല്യ'വുമാണു്. അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമ്പോഴുള്ള ഓർമ്മ മുതൽ പതിനൊന്നു വയസ്സു വരെയുള്ള കഥകളാണു് ഇവിടെ പ്രതിപാദിക്കുന്നതു്. പതിനൊന്നു വയസ്സു മുതൽ ഇരുപത്തിയെട്ടു വയസ്സു വരെയുള്ള സംഭവബഹുലമായ ഒരു ജീവിതമാണു് 'കൗമാരവും യൗവനവും' എന്ന ഭാഗത്തിൽ -അനാവരണം ചെയ്യുന്നതു്. നടരാജഗുരുവിന്റെ പാദങ്ങളിൽ സ്വയം ശിഷ്യനായി സമർപ്പിക്കുന്നിടത്തുനിന്നും ആരംഭിക്കുന്ന 'ഗുരുവും ശിഷ്യനും' എന്ന ഭാഗം 1969ൽ തന്റെ ലോകയാത്ര ആരംഭിക്കുന്നതുവരെ തുടരുന്നു. പിന്നെ വരുന്നതു് 'പരിധിയില്ലാത്ത ലോക'മാണു്. 1969 മുതൽ 1984വരെയുള്ള വർഷങ്ങളിലധികവും ഗുരു വിദേശത്തു തന്നെയായിരുന്നു. പാശ്ചാത്യ യൂണിവേഴ്സിറ്റികളിലും ഗുരുകലങ്ങളിലും ക്ലാസ്സുകളെടുത്തും പല രാജ്യങ്ങളിൽ യാത്രചെയ്തും കഴിഞ്ഞിരുന്ന ആ കാലത്തെ അനുഭവക്കുറിപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. അറുപതു വയസ്സിനുശേഷം ഗുരു എഴുതിയ ആത്മകഥാസംബന്ധിയായ ലേഖനങ്ങളിൽനിന്നും തിരഞ്ഞെടുത്ത ഏതാനും ഭാഗങ്ങളാണ് 'ഉണ്മയുടെ പൊരുളി'ൽ ഉൾപ്പെടുത്തിയിട്ടുള്ളതു്. പിന്നെ വരുന്നതു് അനുബന്ധമാണു്. അതു കഴിയുന്നത്ര ഗുരുവിന്റെതന്നെ വാക്കുകൾ സ്വീകരിച്ചുകൊണ്ടു് സ്വതന്ത്രമായി എഴുതിയതാണു്. നടരാജഗുരുവിന്റെ സമാധിയ്ക്കു ശേഷം ഗുരുവിനുണ്ടായ മാറ്റവും ഗുരു നല്കിയ സന്ദേശങ്ങളും ഗ്രന്ഥരചനാരീതിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങളും ഗുരുവിനു സംഭവിച്ച പക്ഷാഘാതവും തുടർന്നുള്ള ജീവിതവും സമാധിയും എല്ലാം സംക്ഷിപ്തമായി വിവരിക്കുന്ന ഭാഗമാണ് ഇതു്.
© 2025, Shoukath.in
All Rights Reserved. Crafted by YNOT