തുറന്ന ആകാശങ്ങള്‍
Paperback"പതിനാല് വയസ്സുള്ള ഒരു മകള്‍ എപ്പോഴും തിരക്കുള്ള തന്‍റെ പിതാവിനോട് ഒരിക്കല്‍ ചോദിച്ചു: അച്ഛാ, എന്തിനാണ് അച്ഛന്‍ ഇത്രയും കഷ്ടപ്പെടുന്നത്? വാത്സല്യത്തോടെ മകളെ തലോടി അച്ഛന്‍ പറഞ്ഞു: നമുക്ക് സന്തോഷത്തോടെ ജീവിക്കാന്‍. എന്നാണ് ആ സന്തോഷജീവിതം തുടങ്ങുക? അച്ഛന്റെ കണ്ണിലേക്കുനോക്കി ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു. അദ്ദേഹം ഒന്നും പറയാനാവാതെ നിശ്ചലനായി, മൗനമായി മോള്‍ക്കരികെ കുറച്ചുനേരം ഇരുന്നു. അവള്‍ അച്ഛന്റെ കവിളില്‍ ഒരുമ്മ കൊടുത്ത് സ്നേഹത്തോടെ പറഞ്ഞു: ഇന്ന് നമുക്ക് സന്തോഷിക്കാനായില്ലെങ്കില്‍ പിന്നെ നാളെയും അതുണ്ടാവില്ല അച്ഛാ... അത് തിരക്കിട്ട് നേടേണ്ടതല്ല. ഇപ്പോള്‍ അച്ഛന്‍ എന്‍റെ കൂടെ ഇങ്ങനെ ഇരുന്നില്ലേ. ഒരു തിരക്കുമില്ലാതെ... അങ്ങനെ ഉണ്ടാകേണ്ടതാണ്. സ്നേഹവാനായ ആ പിതാവിന്‍റെ കണ്ണില്‍നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊടുത്ത് അവള്‍ അകത്തേക്കു നടന്നു." നാം നിസ്സാരമെന്നു കരുതി കാണാതെ പോയതോ അവഗണിച്ചതോ ആയ അനുഭവങ്ങളിലേക്കും അനുഭവികളിലേക്കും തിരിഞ്ഞുനടന്നപ്പോഴാണ് ജീവിതത്തിന്റെ രസങ്ങളെല്ലാം നിറവാര്‍ന്നിരിക്കുന്നത് സാധാരണത്വത്തിലാണെന്നറിഞ്ഞത്. കണ്ണുതുറന്നിട്ടും കണ്‍മുന്നിലുള്ളത് കാണാനാവാത്ത നീയാണോ കണ്ണടച്ചിരുന്ന് കാണാനാവാത്തതിനെ തേടുന്നത്? എന്ന് ഗുരു നിത്യ ചോദിച്ചപ്പോള്‍ തെളിഞ്ഞുവന്ന ഒരാകാശമുണ്ട്. ആ ആകാശം തൊട്ടുതന്ന ചില തിരിച്ചറിവുകളുണ്ട്. സ്വജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ആ കാഴ്ചകളാണ് ഈ പുസ്തകം. 'നാം എന്തു ചിന്തിക്കുന്നു എന്നതല്ല പ്രധാനം. മറിച്ച് നാം എങ്ങനെ ജീവിക്കുന്നു എന്നതാണ്' എന്ന അറിവില്‍ നിന്ന് തെളിഞ്ഞ ചില കാര്യങ്ങള്‍. അതാണ് തുറന്ന ആകാശങ്ങള്‍.
© 2024, Shoukath.in
All Rights Reserved. Crafted by YNOT