യാത്രയുടെ ലക്ഷ്യം യാത്രയാകണം. ലക്ഷ്യസ്ഥാനമാകരുത്. എങ്കിലേ യാത്ര ആസ്വാദ്യകരമാകൂ. ലക്ഷ്യംപോലെ വഴിയും പ്രധാനമാകുന്നിടത്തേ യാത്രയ്ക്ക് ജീവനുണ്ടാകൂ. ജീവിതത്തിലായാലും ജീവിതത്തിലേക്കുള്ള യാത്രകളിലായാലും.
നമ്മിൽനിന്ന് അകന്നുപോയതോ നാം അകറ്റിയതോ ആയ നമ്മെ നമ്മോടു ചേർത്തു പിടിക്കാൻ സഹായിക്കുന്ന സാന്നിദ്ധ്യമാണ് ഗുരു.
പിന്നിടേണ്ട ദൂരങ്ങൾ ഏറെയുണ്ടെന്ന അറിവാണ് വിനയം. അനുഗ്രഹങ്ങളെ തെളിഞ്ഞറിയലാണ് കൃതജ്ഞത. വിടരാൻ വെമ്പുന്ന വസന്തത്തെ കൺപാർക്കലാണ് ഉണർവ്. കണ്ണടഞ്ഞു പോകുകയും ഹൃദയം വിടരുകയും ചെയ്യുന്ന അനുഭവങ്ങൾക്കായുള്ള ദാഹമാണ് അന്വേഷണം. സർവ്വർക്കും സമാധാനം എന്ന വിതുമ്പലാണ് പ്രാർത്ഥന.
നാം വിശ്വസിക്കുന്നത് മറ്റൊരാൾ വിശ്വസിക്കാതിരിക്കുന്നതിൽ നാം അസ്വസ്ഥരാകുന്നെങ്കിൽ ആ വിശ്വാസത്തോളം വലിയ ഹിംസയില്ല.
വേദനകൾ ചിലപ്പോൾ ഒരനുഗ്രഹമാണ്. അത് നമ്മോട് ഒന്നു നില്ക്കാൻ പറയും. കാണാതെ പോയതിലേക്ക് നോക്കാൻ കാഴ്ചയാകും നാം മറന്നതും നമ്മെ മറന്നതും തൊട്ടുതരും. നാം നമ്മെ എത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്രദ്ധയാകും. വേദന ‘വേദിപ്പിച്ചു തരുന്ന വേദ’മെന്ന അറിവിലേക്ക് വെളിച്ചമാകും.